ന്യൂഡൽഹി: വിവാദ എഫ്സിആർഎ ഭേദഗതിക്കു പിന്നാലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് കൂടുതൽ നിയമനടപടികൾക്കു കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സംശയമെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാനും എംപിയുമായ ജോസ് കെ. മാണി.
ക്രൈസ്തവസഭകളുടെയും ആരാധനാലയങ്ങളും വിദ്യാഭ്യാസ, ആരോഗ്യപരിപാലന സ്ഥാപനങ്ങളും അടക്കമുള്ളവയുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു ക്രിസ്ത്യൻ ലോ ബോർഡ് എന്നോ ക്രിസ്ത്യൻ ക്ഷേമബോർഡ് എന്നോയുള്ള പേരിലാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവരെ സംരക്ഷിക്കാനെന്ന വ്യാജേന മധുരം പുരട്ടിയാണു ക്രിസ്ത്യൻ വെൽഫെയർ നിയമം തയാറാക്കുന്നതെന്നാണു വിവരമെന്ന് ജോസ് പറഞ്ഞു.
ജമ്മു കാഷ്മീരിന്റെ പ്രത്യേകാവകാശം നൽകിയ അനുച്ഛേദം 370 റദ്ദാക്കൽ, മുത്തലാക്ക് നിരോധനം, വഖഫ് ഭേദഗതി നിയമം എന്നിവ മുസ്ലിംകളെ ലക്ഷ്യം വച്ചായിരുന്നു.
ക്രൈസ്തവസഭകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുകയെന്ന അടുത്ത ലക്ഷ്യത്തിന്റെ ആദ്യപടിയാണു വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി. ഇതു പാസാക്കിയശേഷം ഒരു വർഷത്തിനകം പുതിയ ക്രൈസ്തവ ലോ ബോർഡ് നിയമം വരുമെന്നു പ്രതീക്ഷിക്കാമെന്നും ജോസ് ചൂണ്ടിക്കാട്ടി.